ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇന്നത്തെ മധൂർ ഗ്രാമ പഞ്ചായത്ത് പ്രദേശത്തുള്ള മധൂർശിരിബാഗിലു, കുഡ്‌ലു എന്നീ മൂന്ന് ഗ്രാമങ്ങൾ  1939-ൽ രൂപീകരിക്കുകയുണ്ടായി. ഭരണ സൗകര്യത്തിനായി ഈ മൂന്ന് ഗ്രാമങ്ങൾളെ ഒന്നിച്ചു ചേർത്ത് സർക്കാർ ഓർഡർ ജി.ഒ. (എം.എസ്.) 196/61 D.D. Dt. 28-12-1961-ലെ പ്രകാരം 1-1-1962 മുതൽ ഇപ്പോഴത്തെ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഉൾപ്പെട്ടിട്ടുള്ള പുതിയ മധൂർ പഞ്ചായത്ത് നിലവിൽ വന്നു. ഇതിന്റെ ഭരണാധികാരം സർക്കാർ നിയമിച്ച ഭരണാധികാരികൾ നിർവ്വഹിച്ചുവന്നിരുന്നു. ഇതിന്റെ ഓഫീസ് മധൂരിൽ ഉളിയ മനെതന(തറവാട്)ന്റെ ഒരു പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്നു. കേരള സംസ്ഥാനത്തിലെ പഞ്ചായത്തുകളെപ്പോലെ 1-4-1964 ൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പെടുന്ന ഭരണസമിതി മധൂർ പഞ്ചായത്തിന്റെ ഭരണാധികാരം ഏറ്റെടുത്തു. ശ്രീ. എ. കെ. വാസുദേവറാവു പ്രസിഡണ്ടായും ശ്രീ അബ്‌ദുള്ള വൈസ് പ്രസിഡണ്ടായും ഉള്ള ഈ ഭരണ സമിതി ഏകദേശം 14 വർഷക്കാലം ഭരിച്ചു. 12-7-1971 -ലെ

സർക്കാർ ഓർഡർ G.O. (MS) 101/71 LA & SWO dt: 12-7-1969--ലെ പ്രകാരം മധൂർ പഞ്ചായത്തിന്റെ ഒരു ഭാഗമായിരുന്ന കുഡ്‌ലു ഗ്രാമത്തിന്റെ ഒരംശവും പുത്തൂർ ഗ്രാമത്തെ മുഴുവനും മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെ രൂപീകരണത്തിനായി വിട്ടു കൊടുത്തു. 12-12-1968ന് മധൂരിൽ ഉണ്ടായിരുന്ന പഞ്ചായത്താഫീസിനെ ഉളിയത്തടുക്കയിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റി. ഈ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ്എം.എൽ.എ. ശ്രീ. കള്ളികെ മഹാബല ഭണ്ഡാരിയുടെ സാന്നിധ്യത്തിൽ അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. 1-4-1964 -ൽ തെരഞ്ഞെടുക്കപ്പെട്ട സമിതിയുടെ ഭരണം ഏകദേശം 14 വർഷക്കാലം തുടർന്നു.

1978 സെപ്തംബർ മാസത്തിൽ തെരഞ്ഞെടുപ്പ് നടന്ന് ഒക്ടോബർ മാസത്തിൽ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തു. ശ്രീ യു.കെ. ഗട്ടി പ്രസിഡണ്ടായും ശ്രീ. കെ. ജഗന്നാഥഷെട്ടി വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു. പ്രസിഡണ്ടായ ശ്രീ. യു.കെ. ഗട്ടി അവർകൾ 23-6-1984-ൽ അന്തരിച്ചപ്പോൾ ശ്രീ കെ. ജഗന്നാഥഷെട്ടി പ്രസിഡണ്ടായും ശ്രീ. എം. ജഗന്നാഥ ഷെട്ടി വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. ഈ ഭരണസമിതിയുടെ കാലാവധിക്കുശേഷം 1-10-1984 മുതൽ 31-1-1988 വരെ സർക്കാരിന്റെ പ്രത്യേക അധികാരി പഞ്ചായത്തിന്റെ ഭരണം ഏറ്റെടുത്തു. 2-2-1988 -ൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. 5-2-1988 മുതൽ പുതിയ ഭരണ സമിതി അധികാരം ഏറ്റെടുത്തു. ശ്രീ കെ. ജഗന്നാഥ ഷെട്ടി പ്രസിഡണ്ടായും ശ്രീ. വി. രാമയ്യ ഭട്ട് വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു. 4-10-1995ന് അടുത്ത ഭരണസമിതിയും  നിലവിൽ വന്നു. പ്രസിഡണ്ടായിരുന്ന ശ്രീ. കെ. ജഗന്നാഥ ഷെട്ടി 14-9-1996-ന് അന്തരിച്ചപ്പോൾ വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. ബി. മഹാലിംഗയ പ്രസിഡണ്ടായി 16-9-1996 ന് സ്ഥാനമേറ്റു. ഒഴിഞ്ഞു കിടന്ന വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്രീമതി. കെ.എസ്. രത്നഭായിയെ തെരഞ്ഞെടുത്തു. 1971 മുതൽ 25 വർഷക്കാലം മധൂർ പഞ്ചായത്ത് 100% ഭൂനികുതി ഈടാക്കിയത് ശ്രദ്ധേയമാണ്. ഫസ്റ്റ് ഗ്രേഡ് പഞ്ചായത്തായിട്ടുള്ള ഈ പഞ്ചായത്ത് 1982 -ൽ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ

1948-ൽ ദക്ഷിണ കന്നട ജില്ലയിലെ മൂഡബിദ്രിയിൽ നിന്ന് മാറ്റിയ ഗവ: ബേയ്സിക് അധ്യാപക പരിശീലന സ്കൂൾ മധൂർ പഞ്ചായത്തിലെ മായിപ്പാടിയിൽ പ്രവർത്തനം ആരംഭിച്ചു. വാർഥാ പരിശീലനം നേടിയ ശ്രീ കെ. രാമകൃഷ്ണ ഷെട്ടി അവരുടെ പരിശ്രമത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനത്തിന്റെ സ്ഥാപക ഹെഡ്‌മാസ്റ്റർ ശ്രീ. കെ. രാമകൃഷ്ണ ഷെട്ടി തന്നെ ആയിരുന്നു. 1985-ൽ ഇത് ഗവൺമെന്റ് അധ്യാപക പരിശീലന സ്ഥാപനമായും 1989-ൽ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (DIET) ആയി ഉയർത്തപ്പെട്ടു. ഇതുകൂടാതെ ഈ പഞ്ചായത്തിൽ ബ്ലോക്ക് റിസോഴ്സ് സെന്റർ-1, ഹൈസ്കൂളുകൾ-2, കേന്ദ്രീയ വിദ്യാലയം-1, യു.പി. സ്കൂൾ രണ്ട്, എൽ.പി.സ്കൂൾ മൂന്ന്. ക്ലസ്റ്റർ സെന്റർ ഒന്ന്, ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് പ്രൈവറ്റ് പ്രൈമറി സ്കൂൾ-1, കുടുംബാരോഗ്യ കേന്ദ്രം-5 അംഗൻവാടികൾ-7, ലൈബ്രറികൾ-4, വായനശാല-7, പോസ്റ്റാഫീസ് (E.D)-6 മുതലായവ പ്രവർത്തിച്ചുവരുന്നു. വില്ലേജാഫീസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്‌ (L.V.E.O.) കൃഷിഭവൻ, ഹോമിയോ ആശുപത്രി, മൃഗാശുപത്രി, പ്രാഥമികാരോഗ്യ കേന്ദ്രം ദേശസാൽകൃത ബാങ്ക്, സഹകരണ ബാങ്ക് (ഓരോന്ന്) പ്രവർത്തിച്ചുവന്നിരുന്നു. കാസർകോട് ജില്ലയ്ക്ക് സംസ്ഥാന സർക്കാർ നൽകിയ A.R.F., ജില്ലാ സോഷ്യൽ ഫോറസ്റ്റ് ഓഫീസ് ഈ പഞ്ചായത്തിലാണ് ഉള്ളത്. ദിനേശ് ബീഡിയുടെ ശാഖ, വീവേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി (നെയ്ത്തു സഹകരണ സ്ഥാപനം) തുടങ്ങിയവയും ഈ പഞ്ചായത്തിൽ പ്രവർത്തിച്ചുവന്നിരുന്നു