ഭൂമി ശാസ്ത്രം

ഭൂപ്രകൃതി

കാസർകോട് മുൻസിപ്പാലിറ്റിക്ക് തൊട്ട് വടക്കു ഭാഗത്തു കിടക്കുന്ന മധൂർ പഞ്ചായത്തിന്റെ

  വിസ്തൃതി 26.04 കി.മീറ്റർ ആണ്. കിഴക്കു നിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞുകിടക്കുന്ന ഈ പ്രദേശം ഉത്തര അക്ഷാംശം 31നും 34 നുമിടയിലും പൂർവ്വ രേഖാംശം 76 യിലും സ്ഥിതിചെയ്യുന്നു. പഞ്ചായത്തിൽ 10% ചേടി മണ്ണ് പ്രദേശങ്ങളും 35% ചെങ്കൽ പ്രദേശങ്ങളും, 15% കളിമണ്ണ് പ്രദേശങ്ങളും 5% പുൽമേടും, 5% ചതുപ്പുനിലങ്ങളും, 30% ചെമ്മണ്ണ് പ്രദേശങ്ങളും ആണ്.

 

ചേടി മണ്ണ് പ്രദേശം

പറക്കില, കന്നിഗുഡ്ഡെ, പന്നിപ്പാറ, ശിരിബാഗിലു, ബേര, ഏരിക്കളെ എന്നീ പ്രദേശങ്ങളിൽ ചേടി മണ്ണ് കണ്ടുവരുന്നു. ഇത്തരം മണ്ണ് കൃഷിക്ക് ഉപയുക്തമല്ല.

 

ചെങ്കൽ പ്രദേശങ്ങൾ

കൊല്ല്യ, അറന്തോട്, പട്‌ല, ശിരിബാഗിലു, ബെദ്രഡുക, ഉളിയത്തടുക്ക എന്നീ പ്രദേശങ്ങളിൽ ചെങ്കൽ കലർന്ന മണ്ണും കാണപ്പെടുന്നു. തീരെ കൃഷി ചെയ്യാൻ പറ്റാത്ത പാറപ്രദേശങ്ങളും ഇവിടങ്ങളിൽ കാണപ്പെടുന്നു. തെങ്ങ്, കശുമാവ്, കാറ്റാടി, എന്നിവയാണ് ഇവിടെ കാണപ്പെടുന്ന സസ്യവിഭാഗങ്ങൾ. ജലദൗർലഭ്യം മൂലം ഇത്തരം പ്രദേശങ്ങൾ മറ്റു കൃഷിക്ക് അനുയോജ്യമല്ല. ഈ പ്രദേശത്ത് കാണപ്പെടുന്ന പ്രധാന കുന്നുകളുടെ വിവരം താഴെ കൊടുക്കുന്നു.

  1. മധൂർ കോട്ടകണി

  2. കൊലങ്കാനാ

  3. കൊറത്തിപ്പാറ 

  4. ശിപ്പാറ

  5. ചേനക്കോട് ബത്തേരി

  6. മായിപ്പാടി കാവുഗുഡെ

  7. പട്‌ല ഭാഗത്തുള്ളവ

  8. കജെകുന്ന്

  9. ബെദ്രഡുക കിന്നിഗോളി 

  10. നീരാള-പെരിയടുക്ക ഭാഗത്തുള്ളവ

  11. പുളിക്കൂർ  ഭാഗത്തുള്ളവ

  12. കുഡ്‌ലുദേവരെഗുഡെ

  13. മഞ്ചത്തടുക്ക കോട്ടേ

  14. മന്നിപ്പാടി ഗുഡെ

  15. ആലംകോട് ഗുഡെ

  16. പന്നംകോളി

  17. കുറെ കുന്ന്

  18. കേളുകുന്ന്

  19. കെട്ടാരിക്കുന്ന്

കളിമൺ പ്രദേശം

മധൂർ, മായിപ്പാടി, പട്‌ല, ചേനക്കോട്, ശിരിബാഗിലു, കുഡ്‌ലു, അറന്തോട് എന്നീ ഭാഗങ്ങളിൽ കാണപ്പെടുന്നു. പ്രധാനമായും നെൽകൃഷിയും പച്ചക്കറികളും കൃഷിചെയ്തു വരുന്നു.

പുൽമേട്

പുല്ലുകൾ മാത്രം നിറഞ്ഞുനിൽക്കുന്ന പുൽമേടുകൾ ഉളിയത്തടുക്ക ഭാഗങ്ങളിൽ കാണുന്നു. ഈ പ്രദേശം കാലിമേച്ചിൽ പ്രദേശമായി നിലനിൽക്കുന്നു.

ചതുപ്പുനിലം

പഞ്ചായത്തിലെ ശിരിബാഗിലു, മായിപ്പാടി മധൂർ, പട്‌ല ഭാഗങ്ങളിൽ ചതുപ്പുനിലം കാണപ്പെടുന്നു. ഇത്തരം പ്രദേശങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഒന്നാം വിള നെൽകൃഷി അസാധ്യമാണ്.

ചെമ്മണ്ണ് പ്രദേശം

പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത്തരം മണ്ണ് കാണപ്പെടുന്നു. ജല ലഭ്യതയുള്ള സ്ഥലങ്ങളിൽ കവുങ്ങ്, തെങ്ങ്, വെറ്റില കൃഷി മുതലായവയും ജലദൗർലഭ്യമുള്ള സ്ഥലങ്ങളിൽ കശുമാവ് കൃഷിയും ചെയ്തുവരുന്നു.

ജല സമ്പത്ത്

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഈ പഞ്ചായത്ത്. എന്നാൽ മഴവെള്ളം ഒഴുകിപ്പോകുന്നത് തടയാനുള്ള സംവിധാനം ഇല്ലാത്തതുകൊണ്ടും, നീർത്തട പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാന്മാരല്ലാത്തതുകൊണ്ടും ഡിസംബർ മുതൽ തന്നെ ജലക്ഷാമം അനുഭവപ്പെടുന്നു. ഇതുമൂലം കാർഷിക വിളകൾ വരൾച്ചയെ നേരിടുന്നു. പ്രധാന ജലസമ്പത്തായ മധുവാഹിനിപ്പുഴയുടെ 11  1/2 കി. മീറ്റർ ഈ പഞ്ചായത്തിൽ കൂടിയാണ് കടന്നു പോകുന്നത്. ചെറുതും വലുതുമായ മൊത്തം 29 കി.മീറ്റർ തോടും 17 കുളങ്ങളും ഈ പഞ്ചായത്തിലുണ്ട്. കൂടാതെ കൃഷിക്ക് വേണ്ടി ഉപയോഗിക്കുന്ന സ്വകാര്യ വ്യക്തികളുടെ കുളങ്ങളും ഓരോ കൃഷിക്കാരനുമുണ്ട്. മാർച്ച് മാസത്തോടെ മധുവാഹിനിപ്പുഴയിലെ വെള്ളം വറ്റുന്നതോടെ സമീപപ്രദേശങ്ങളിലെ കുളങ്ങളിലെ വെള്ളത്തിന്റെ ലഭ്യത കുറയുകയും ജലക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നു.

 

ജൈവ പ്രകൃതി

ഒരു കാലത്ത് ഇടതൂർന്ന് വളർന്ന സസ്യജാലങ്ങൾ കൊണ്ട് സമ്പന്നമായ ഈ പ്രദേശത്തുണ്ടായിരുന്ന കാടുകളിൽ പുലി, മാൻ, പന്നി, കരിങ്കുരങ്ങ് എന്നിവയൊക്കെ സ്വൈര്യമായി  വിഹരിച്ചിരുന്നു. അപൂർവ്വമായി കണ്ടുവരാറുള്ള ചിലതരം പക്ഷികളും ഇവിടെ ഉണ്ടായിരുന്നു. ഇപ്പോഴും അപൂർവ്വമായി കാണാറുള്ള മയിൽ, ഹനുമന്തപ്പക്ഷി, കരിങ്കുരങ്ങ് എന്നിവയൊക്കെ വംശനാശത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

വൃക്ഷാരാധനയുടെയും, ദൈവാരാധനയുടെയും, നാഗാരാധനയുടെയും ഭാഗമായി ഒരു കാലത്ത് ഇവിടെ ധാരാളം കാവുകൾ നിലവിലുണ്ടായിരുന്നു. എന്നാൽ മനുഷ്യന്റെ കടന്നുകയറ്റം മൂലം വൻമരങ്ങൾ നഷ്ടപ്പെടുകയും കാവുകൾ ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. എങ്കിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിൽപ്പരം ചെറിയ കാവുകൾ നാമമാത്രമായി കാണപ്പെടുന്നു.

ഈ പ്രദേശത്ത് ധാരാളമായി കാണപ്പെട്ടിരുന്നതും അപൂർവ്വമായി നിലനിൽക്കുന്നതുമായ സസ്യജാലങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.

കറുവപ്പട്ട, പുന്നക്കാമരം, ബന്തമരം, കരിങ്ങാലി, കരിമരം, ചായിപ്പന, ചന്ദനമരം, ഈട്ടി, ഇരുമുള്ള്, പുന്നാർപുളി, വേങ്ങമരം, ബണ്ണപ്പൂ മാവ്, പ്ലാവ്, തേക്ക്.

 

 

 

 

 

 

MAP
  • FINAL NOTIFICATION
  • Madhur Grama Panchayat Map