ഓപ്പറേഷന് തൂഫാന്, ദി നാര്ക്കോ ഹണ്ട് 2.0
മധൂർ: സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കേരള പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടത്തിന്റെ മധൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു.
സെപ്റ്റംബർ 28-ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ്ഞാനി ഷാൻബോഗ് തൂഫാൻ പതാക ഉയർത്തിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. തുടർന്ന് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാനുപ്രകാശ് കെ. അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പുഷ്പ ഗോപാലൻ, മാധവ മാസ്റ്റർ, ദാക്ഷായണി കെ.പി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗ് പഞ്ചായത്ത് ഹാളിൽ പ്രദർശിപ്പിച്ചു. ചടങ്ങിൽ പോലീസ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾക്ക് തൂഫാൻ ബാഡ്ജുകൾ വിതരണം ചെയ്തു. തുടർന്ന് പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും ഇതിൽ തദ്ദേശ സ്ഥാപനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാനഗർ എസ്.ഐ. ശ്രീ വിജയൻ മേലത്ത് ബോധവൽക്കരണ ക്ലാസ് എടുത്തു.
ചടങ്ങിൽ വാർഡ് മെമ്പർമാർ, തൂഫാൻ വാരിയേഴ്സ്, തണ്ടർ വളണ്ടിയർമാർ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മസേനാംഗങ്ങൾ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.