മധൂർ ഗ്രാമപഞ്ചായത്തിൽ ജനകീയ പങ്കാളിത്തത്തോടെ മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു
May 19, 2026
മധൂർ: കാലവർഷത്തിന് മുന്നോടിയായി പകർച്ചവ്യാധി പ്രതിരോധം ലക്ഷ്യമിട്ട് മധൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ മഴക്കാല പൂർവ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. മെയ് 12 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ്ഞാനി എസ്. ഷാൻബോഗ് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.ബട്ടമ്പാറ മുതൽ നാഷണൽ നഗർ വരെ നീണ്ടുനിന്ന ശുചീകരണ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സജീവമായി പങ്കെടുത്തു. ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ശുചീകരണത്തിന് നേതൃത്വം നൽകി.കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന, എൻ.എസ്.എസ് വോളന്റിയർമാർ, വിദ്യാർത്ഥികൾ എന്നിവർ സജീവമായിരുന്നു. വ്യാപാരി വ്യവസായികൾ, റെസിഡൻസ് അസോസിയേഷനുകൾ, യുവജന ക്ലബ്ബുകൾ, കലാ-സാംസ്കാരിക സംഘടനകൾ എന്നിവർ നിശ്ചിത കേന്ദ്രങ്ങളിൽ ശുചീകരണം നടത്തി.